പേജുകള്‍‌

2010/06/03

ഈ വര്‍ഷം ചുട്ടുപൊള്ളും

ലോകചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ്‌ ഈ വര്‍ഷം ഭൂമിയില്‍ അനുഭവപ്പെടുക എന്ന്‌ ഓസ്‌ട്രേലിയയിലെ സൗത്ത്‌ വെയ്‌ല്‍സ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ഹരിതഭവനവാതക മലിനീകരണത്തോത്‌ ഈ വിധത്തില്‍ ഉയര്‍ന്നാല്‍ അടുത്തവര്‍ഷം സ്‌ഥിതി ഇതിലും ഗുരുതരമാകുമത്രേ.
`വെറ്റ്‌ ബള്‍ബ്‌' ടെംപറേച്ചര്‍ എന്നാണ്‌ ഇപ്പോഴത്തെ കാലാവസ്‌ഥയെ ഗവേഷകര്‍ വിളിക്കുന്നത്‌. നനഞ്ഞ ത്വക്കിനു മുകളില്‍ ചൂട്‌ വായു ഒഴുകുന്ന പ്രതീതിയാണ്‌ ഈ കാലാവസ്‌ഥ ജനിപ്പിക്കുന്നത്‌. ഹ്യൂമിഡിറ്റി വളരെയധികം വര്‍ദ്ധിക്കുന്ന അന്തരീക്ഷമാണിത്‌. തെര്‍മോമീറ്റര്‍ ബള്‍ബിനു മുകളില്‍ നനഞ്ഞ തുണിവിരിച്ച്‌, വായു കടത്തിവിട്ടാണ്‌ വെറ്റ്‌ ബള്‍ബ്‌ ടെംപറേച്ചര്‍ അളക്കുന്നത്‌.
98.6 ഡിഗ്രി ഫാരന്‍ഹീറ്റാണ്‌ മനുഷ്യരുടെയും മിക്ക സസ്‌തനികളുടെയും ശരീരതാപനില. ഈ താപനിലയുള്ള ജീവികള്‍ക്കെല്ലാം ഈ വര്‍ഷം ജീവിതം ദുഷ്‌കരമാകും. ഇത്രയും ഉയര്‍ന്ന വെറ്റ്‌ ബള്‍ബ്‌ ടെംപറേച്ചര്‍ ഭൂമിയില്‍ ഇതാദ്യമായാണത്രേ.
സാധാരണ നിലയില്‍ കനത്ത ചൂടുള്ള അരിസോണ മരുഭൂമിപോലെയുള്ള സ്‌ഥലങ്ങളില്‍ ഹ്യുമിഡിറ്റി കുറവായിരിക്കും. അതുകൊണ്ട്‌ ശരീരം സ്വയം തണുക്കാന്‍ തയാറെടുപ്പു നടത്തും. എന്നാല്‍ ഈ വര്‍ഷം ഹ്യൂമിഡിറ്റിയും ഉയര്‍ന്നുനില്‍ക്കുന്നതുകൊണ്ട്‌ ശരീരം നന്നേ കഷ്‌ടപ്പെടും.
നേരത്തെ വെറ്റ്‌ ബള്‍ബ്‌ ടെംപറേച്ചര്‍ അനുഭവപ്പെട്ടിരുന്നത്‌ ചൂടുകാറ്റ്‌ അടിക്കുന്ന സൗദി അറേബ്യയുടെയും മറ്റും തീരപ്രദേശത്തുമാത്രമായിരുന്നു. എന്നാല്‍ ഇത്‌ ഏറെ ദിവസങ്ങളൊന്നും നീണ്ടുനില്‍ക്കാറില്ല.
കനത്ത ചൂടുമൂലം കൂടുതല്‍ പേരും എയര്‍ കണ്ടീഷനുകള്‍ വാങ്ങും. ഇത്‌ ഭൂമിയില്‍ വൈദ്യുതോര്‍ജ കമ്മി സൃഷ്‌ടിക്കും - ഗവേഷകര്‍ പറയുന്നു.ഗവേഷകരുടെ റിപ്പോര്‍ട്ട്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

2010/05/30

കേരളം മരുഭൂമി ആവാതിരിക്കാന്‍

ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂടിനു കാഠിന്യം സഹിക്കാവുന്നതിനുമപ്പുറമായി. സൂര്യാഘാത സാധ്യതയും മുമ്പെങ്ങുമില്ലാത്ത വിധം കേരളം അനുഭവിച്ചു തുടങ്ങി. കേരളത്തിനു കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കയാണിപ്പോള്‍. കേരളം മരുഭൂമിയാവാതിരിക്കാന്‍ ജലസംരക്ഷണം അനിവാര്യമായിരിക്കുകയാണ്.
ജീവജാലങ്ങളുടെ നിലനില്പിനു ജലം അത്യന്താപേക്ഷിതമാണ്. വെള്ളത്തിനു പകരം ഉപയോഗിക്കാന്‍ മറ്റൊരു വസ്തു ഇന്നേവരെ കണ്ടെത്തിയിട്ടില്ല. പാരിസ്ഥിതിക വ്യവസ്ഥയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ജീവജലത്തില്‍ ഒരു തുള്ളിപോലും നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യരുതാത്തതാണ്. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ പ്രകൃതിയെ മറക്കുന്ന പ്രവണത ഏറിവരികയും ജലം അന്യമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.

താപനില ഏറുന്നതിനൊപ്പം ഭൂമിയിലെ ജലനിരപ്പ് അനിയന്ത്രിതമായി താഴ്ന്നുകൊണ്ടിരിക്കുന്നതിനു നിരവധി കാരണങ്ങളുണ്ട്. നദികളുടെയും നീര്‍ത്തടങ്ങളുടെയും പാടങ്ങളുടെയും വനങ്ങളുടെയും നാശം മാത്രമല്ല, കായലുകളുടെ ആഴം കുറഞ്ഞതും ജലലഭ്യത കുറയാന്‍ കാരണമായി. കാവും കുളവും സങ്കല്പമാകുന്നു. പ്രകൃതിയെ പൂജിക്കുന്ന വലിയൊരു സംസ്‌കാരമായിരുന്നു നമുക്കുണ്ടായിരുന്നത്.

ജലവും നദിയും മരവുമെല്ലാം നാം ആരാധനയോടെ നോക്കിക്കണ്ട കാലമുണ്ടായിരുന്നു. അതു മാറി താത്കാലിക ആവശ്യത്തിനായി ഏതിനെയും ചൂഷണം ചെയ്യുന്ന മനോഭാവം കടന്നുകൂടിയതോടെ പ്രകൃതിക്കു നാശം സംഭവിച്ചുതുടങ്ങി. അനിയന്ത്രിതമായി പ്രകൃതിചൂഷണം ചെയ്യുന്ന നിലപാടിനു മാറ്റമുണ്ടായെങ്കിലേ ജലദൗര്‍ലഭ്യവും താപവര്‍ധനയും മൂലം വരാന്‍ പോകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് ആക്കം കുറയ്ക്കാനെങ്കിലും കഴിയൂ.

സമൂഹത്തിന്റെ സര്‍വവിധ സാമൂഹിക, സാമ്പത്തിക വികസനത്തിലും ജലം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ജലം ധാരാളമുണ്ടെന്ന് പൊതുവെ പറയാറുണ്ടെങ്കിലും തികച്ചും പരിമിതമായ ഒരു പ്രകൃതിവിഭവമാണിത്. ഭാരതത്തില്‍ ആളോഹരി ശുദ്ധജല ലഭ്യത 1947-ല്‍ 6000 ഘനമീറ്ററായിരുന്നത് 2000-ത്തില്‍ 2200 ഘനമീറ്ററായി കുറഞ്ഞു.
ഇന്ത്യയില്‍ 4,00,000 കോടി ഘനമീറ്റര്‍ വെള്ളം പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. അതില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് 1,08,600 കോടി ഘനമീറ്റര്‍ മാത്രമാണ്. നാലുതരത്തിലാണ് ജലമുള്ളത്. മഴവെള്ളം, ഹിമപാതം, തുഷാരം, ഹൈമം എന്നിങ്ങനെ. ഇതില്‍ മഴവെള്ളമാണ് ഏറ്റവും ശ്രേഷ്ഠവും ഗുണകരവും . ജലസമ്പത്തിന്റെ നിദാനവും ജല സംക്രമണവും നടത്തുന്നത് പ്രധാനമായും നദികളെ ആശ്രയിച്ചാണ്. നദികള്‍ ജീവന്റെ നിലനില്പിനെ സഹായിക്കുന്ന ഏറ്റവും പ്രധാന ജൈവ ആവാസവ്യവസ്ഥയാണ്. തടസ്സമില്ലാതെ ഒഴുകുന്ന ജലവും മണലും ജല ജീവികളുമെല്ലാം ഈ ആവാസവ്യസ്ഥയുടെ അവിഭാജ്യ ഘടകമാണ്. നദികളെ കേന്ദ്രീകരിച്ചാണ് മനുഷ്യസംസ്‌കാരങ്ങള്‍ വളര്‍ന്നുവന്നിട്ടുളളത്.

നദികള്‍കൊണ്ട് കേരളം സമ്പന്നമാണ്. പശ്ചിമഘട്ട മലനിരകളില്‍നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ട്ഒഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്ന മൂന്നു നദികളും അവയുടെ 900-ത്തിലധികം വരുന്ന പോഷകനദികളും സംസ്ഥാനത്തെ ജല സമ്പുഷ്ടമാക്കാന്‍ പര്യാപ്തമാണ്. 15 കി. മീറ്ററില്‍ അധികം നീളം വരുന്ന ജലസ്രോതസ്സുകളെയാണ് നദികളെന്ന് കേരളത്തില്‍ കണക്കാക്കുന്നത്. 44 നദികളും 38 കായലുകളും 560 കി. മീറ്റര്‍ നീളം വരുന്ന സമുദ്രതീരവും മണല്‍പ്പരപ്പും കാടും മലയും താഴ്‌വരകളുമെല്ലാം ചേരുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാവുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കിണറുകളുള്ള നാടാണ് കേരളം. 45 ലക്ഷത്തോളം കിണറുകള്‍ നമ്മുടെ ഭൂഗര്‍ഭ ജലവിതാനത്തിന്റെ വിസ്തൃതി വെളിവാക്കുന്നതാണ്. ജല സമ്പുഷ്ടിക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ കിണറുകളെയെല്ലാം ജല സമ്പുഷ്ടമാക്കിയിരുന്നു. എന്നാല്‍ സ്ഥിതി മാറി വരികയാണ്. കഴിഞ്ഞ നൂറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ആളോഹരി ജലലഭ്യത നാലിലൊന്നായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് അഞ്ചിലൊന്നായി. ദേശീയ ശരാശരിയേക്കാളും 2.78 മടങ്ങ് മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഉപയോഗിക്കുന്നത് നാമമാത്രവും.

കേരളത്തില്‍ ആളോഹരി ശുദ്ധജല ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ജലവും ഉപയോഗിക്കുന്നതു കൃഷിക്കും വ്യവസായങ്ങള്‍ക്കുമാണ്. ഇതില്‍ അഞ്ചുശതമാനം മാത്രമാണ് വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നത്. ഉപരിജല ലഭ്യത കുറഞ്ഞതോടെ നാം ഭൂഗര്‍ഭജലത്തെ അമിതമായി ഉപയോഗിച്ചു തുടങ്ങി. മഴക്കാലത്ത് പുനഃസ്ഥാപിക്കാന്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് ഉപയോഗിക്കുന്നതിനാല്‍ ഭൂഗര്‍ഭജല വിതാനം നാള്‍ക്കുനാള്‍ താഴ്ന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കിണറുകളിലെ ജലവിതാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്നു മീറ്റര്‍ വരെ താഴ്ന്നതായി ഭൂഗര്‍ഭ ജലവിഭവവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ നമ്മുടെ ഒട്ടുമിക്ക കിണറുകളും വറ്റി വരളുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.
ജല ദുരുപയോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആളോഹരി ജല ഉപയോഗം പ്രതിദിനം 120 ലിറ്ററാണ്. കേരളത്തില്‍ ഇത് 200 ലിറ്ററായി ഉയര്‍ന്ന് നില്ക്കുന്നു.അധികം ജലമുണ്ടെന്ന ധാരണയാണ് നമ്മുടെ പ്രതിസന്ധിക്കു കാരണം. സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വസ്തുവാണ് ജലമെന്ന് ബന്ധപ്പെട്ടവരാരും കരുതുന്നില്ല.

നദികളുടെ പാരിസ്ഥിതിക തകര്‍ച്ചയാണ് ജല സംഭരണശേഷിയെ കുറച്ചത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണല്‍വാരല്‍ മൂലം നദികളുടെ അടിത്തട്ട് വന്‍തോതില്‍ താഴ്ന്നു. ഇക്കാരണത്താല്‍ നദീതീരത്തെ ഭൂഗര്‍ഭജല വിതാനവും കുറഞ്ഞു. മഴക്കാലം തീര്‍ന്നാല്‍ ശുദ്ധജലക്ഷാമവും തുടങ്ങുകയായി. ഇത് അടുത്ത കാലത്തെ പ്രതിഭാസമാണ്. ഭൂഗര്‍ഭജല വിതാനം ഭയാനകമാംവിധം താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന സത്യം മലയാളികള്‍ മനസ്സിലാക്കുന്നുമില്ല. കേരളത്തിലെ മിക്ക നദികളും മണല്‍വാരലിന്റെ ക്രൂരത അനുഭവിക്കുന്നവയാണ്. മൂന്നു മീറ്റര്‍ മുതല്‍ ആറു മീറ്റര്‍ വരെ താഴ്ന്ന നദികളുടെ അടിത്തട്ടില്‍ ചെളിയാണിപ്പോള്‍. മണല്‍ത്തിട്ടകള്‍ പ്രകൃതി നല്‍കിയ ജലനിയന്ത്രണോപാധിയാണ്. ഇതിനെ പാടേ മാറ്റിയതോടെ പെയ്തവെള്ളം കുത്തൊഴുക്കില്‍ പോയിമറയുന്നു.

മണല്‍വാരല്‍ രൂക്ഷമായതോടെ പലനദികളും മരിച്ചു. ഒട്ടുമിക്ക നദികളുടെയും മധ്യത്തില്‍ മണ്‍തിട്ടകളും മരങ്ങളും വ്യാപിക്കുന്നു. അടിത്തട്ട് താണ് 30 കി. മീറ്റര്‍ ഉള്ളിലേക്കു വരെ ഓരുജലം കണ്ടുതുടങ്ങി. ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിനും ഇതു കാരണമായി.
നദീതീരങ്ങളില്‍ മുന്‍പ് കുളം കുത്തിയാലും ജല പ്രളയമായിരുന്നു. ഈ സ്ഥാനത്ത് കുഴല്‍ക്കിണര്‍ കുഴിച്ചാലും ചില സ്ഥലങ്ങളില്‍ വെള്ളം കണ്ടെത്താന്‍ കഴിയുന്നില്ല.

നദികളുടെ നാശം ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴേക്കു പോകാന്‍ കാരണമായി. ഇതോടൊപ്പം പാടങ്ങള്‍ വ്യാപകമായി ഇല്ലാതായതും കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമാണ്.മൂന്നുനാലു ദശാബ്ദങ്ങള്‍ക്കുള്ളില്‍ പാടങ്ങളുടെ സിംഹഭാഗവും വീടുകളും ഫ്‌ളാറ്റുകളുമായി. വെള്ളം സംഭരിച്ചുനിര്‍ത്തുന്നതില്‍ പാടശേഖരങ്ങള്‍ വലിയൊരു പങ്കുവഹിച്ചിരുന്നു. പാടശേഖരങ്ങളെയും നശിപ്പിക്കുന്ന മറ്റൊരു പ്രവര്‍ത്തനമാണ് മണ്ണെടുപ്പ്. ചെളിക്കു വേണ്ടി ആയിരക്കണക്കിനു ഹെക്ടര്‍ സ്ഥലം കുഴിച്ചു കുളം തോണ്ടുന്നു. മലകളെ ഒന്നായി ഇടിച്ചുനിരത്തി മണ്ണെടുക്കുമ്പോള്‍ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥ ഒന്നടങ്കമാണ് താറുമാറാകുന്നത്.

മരങ്ങളും ചെടികളും പുല്ലും നിറഞ്ഞ പ്രദേശത്ത് ഭൂമി നല്ലൊരു ജലസംഭരണ കേന്ദ്രമാകും. ഇതെല്ലാം നശിപ്പിച്ച് മണ്ണു മാന്തി എടുക്കുന്നതോടെ പെയ്ത വെള്ളം താഴാതെ ഒഴുകി മാറുന്നു.കായല്‍പ്രദേശങ്ങള്‍ ഭൂമിയിലെ ജലസമ്പത്ത് നിലനിര്‍ത്തുന്ന ഘടകമാണ്. ഏഴുമീറ്റര്‍ വരെ ആഴമുണ്ടായിരുന്ന നമ്മുടെ കായല്‍പ്രദേശങ്ങള്‍ക്ക് ഇപ്പോള്‍ മൂന്നു മീറ്ററിലും താഴെയാണ് ആഴം. നദികളില്‍നിന്നൊഴുകി വരുന്ന എക്കലും മണ്ണും സമീപപ്രദേശങ്ങളിലെ മാലിന്യവുമെല്ലാം നിറഞ്ഞ് നീര്‍ത്തടങ്ങള്‍ മരണവക്ത്രത്തിലായിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ശുദ്ധജല നീര്‍ത്തടങ്ങളുടെ ആഴവും വിസ്തൃതിയും വര്‍ധിപ്പിച്ച് മഴക്കാലത്ത് കിട്ടുന്ന ഉപരിതലജലം കഴിയുന്നത്ര സംഭരിച്ചുനിര്‍ത്താന്‍ കഴിയണം. നദികളും മരങ്ങളും വനങ്ങളും പാടങ്ങളും സംരക്ഷിക്കപ്പെടണം. ശീതോഷ്ണസ്ഥിതി ക്രമീകരിക്കുന്നതിനും ഇത് അനിവാര്യമാണ്.

പ്രകൃതിയുടെ തനതു ഭാവത്തെ തകര്‍ത്ത് താത്കാലിക ലാഭത്തിനുവേണ്ടിയുള്ള മനുഷ്യന്റെ പ്രവര്‍ത്തനം ജീവജലത്തെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നു. വറുതിയുടെ താണ്ഡവം വരുംനാളുകളില്‍ അതിരൂക്ഷമാകും. കേരളത്തില്‍ സൂര്യതാപമേറ്റ് അവശരാകുന്നവര്‍ വ്യാപകമാവുകയാണ്. നാളെ കുടിവെള്ളത്തിനായി ഒരു യുദ്ധം നടക്കേണ്ടിവന്നാലും അതിശയിക്കാനില്ല. കാലങ്ങളായുള്ള അശ്രദ്ധമായ പ്രവര്‍ത്തനവും അമിത ചൂഷണവും ഹരിതാഭമായ കേരളത്തെ മരുഭൂമിയാക്കുകയാണ്. വരും തലമുറയ്ക്കായി ഒരുതുള്ളി ജീവജലത്തിനു വേണ്ടിയെങ്കിലും നാം ഇനിയും വൈകാതെ പ്രകൃതിയുടെ തനിമ നിലനിര്‍ത്താനുതകുന്ന പ്രവര്‍ത്തനങ്ങളിലേക്കു മടങ്ങണം.

ആഗോളതാപനത്തിന്‌ വിമാനങ്ങളും

ആഗോളതാപനത്തിന്റെ രൂക്ഷത ലോകജനത അനുഭവിച്ച്‌ തുടങ്ങിയിട്ടേയുള്ളു.മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ ആഗോളതാപനത്തിന്‌ വഴിവെക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞിട്ടും കാര്യമായ പ്രതിരോധത്തിന്‌ പോലും നമുക്കു കഴിഞ്ഞിട്ടില്ല.ഇപ്പോള്‍ ആഗോളതാപനത്തിന്‌ കാരണക്കാരായി വിമാനങ്ങളും എത്തിയിരിക്കുന്നു.ഒരു പുതിയ പഠനം വെളിവാക്കുന്നത്‌ വിമാനങ്ങള്‍ വന്‍തോതില്‍ ആഗോളതാപനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായ കാര്‍ബണ്‍ഡയോക്‌സൈഡ്‌ പുറന്തള്ളുന്നുവെന്നതാണ്‌.അടുത്ത പത്ത്‌ വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെയും മറ്റ്‌ വാതകങ്ങളുടെയും അളവ്‌ വളരെ കൂടുതലാകുമെന്നും ഇത്‌ 2050 ഓടെ ആഗോളതാപനത്തെ ഏറ്റവും ഗുരുതരമായ അവസ്ഥയില്‍ എത്തിക്കും എന്നുമാണ്‌ പഠനം പറയുന്നത്‌.ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഗോളതാപനത്തിന്‌ ഏറ്റവും അധികം സംഭാവന നല്‍കുന്നത്‌ വ്യോമഗതാഗതമേഘലയാണെന്നാണ്‌ ബെഥന്‍ ഒവനും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ വ്യക്തമായത്‌.60 ശതമാനത്തോളമാണ്‌ ഇത്തരത്തില്‍ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നത്‌,ക്യോട്ടോ പ്രോട്ടോക്കോളില്‍ ഇത്‌ ഉള്‍പ്പെട്ടിട്ടില്ലെന്നതാണ്‌ വസ്‌തുത.കാര്‍ബണ്‍ഡയോക്‌സൈഡാണ്‌ വലിയ അളവില്‍ ആഗോളതാപനത്തിന്‌ കാരണമാകുന്നത്‌ ഇത്‌ 2100 ആകുമ്പോഴേക്കും ഇപ്പോഴത്തേതിന്റെ ഏഴ്‌ മടങ്ങ്‌ ഇരട്ടിക്കുമെന്നാണ്‌ പഠനം പറയുന്നത്‌. എയര്‍ ക്രാഫ്‌റ്റ്‌ ടെക്‌നോളജിയില്‍ പുതിയ ആശയങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും അവയൊന്നും വാതകങ്ങള്‍ പുറന്തള്ളുന്നത്‌ കുറയ്‌ക്കാന്‍ പര്യാപ്‌തമാകുന്നില്ല.എസിഎസ്‌ എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ പഠനം പ്രസിദ്‌ധീകരിച്ചിട്ടുണ്ട്‌.

2009/04/23

ദൈവത്തിന്റെ കൈകള്‍ ...

ദൈവത്തിന്റെ കൈകള്‍ ...
മരണം ....ഓര്‍ക്കാന്‍ അതികം ആരും ഇഷ്ടപെടാത്ത ഒരു വാക്ക്‌ ....
മരണത്തിന്റെ നീരാളി കൈകളില്‍നിന്നും മോചിതനായ (തല്‍കാലം )ആ നിമിഷങ്ങള്‍ ആശ്ചര്യത്തോടെ പങ്കു വെക്കുകയനിവിടം .....
ഒരു വേള "ഈ സുന്ദര ഭൂമിയില്‍ ജീവിച്ചു കൊതി തീരും മുന്ന് പൊലിഞ്ഞു പോയ എല്ലാ ആത്മാക്കളെയും ഞാന്‍ സ്മരിക്കുന്നു "
ബാല്യത്തിന്റെ നൈര്‍മല്യത്തില്‍ പൂക്കളോടും ശലഭങ്ങലോടും കിന്നാരം പറഞ്ഞു ആടി പാടി നടന്നിരുന്ന കാലഘട്ടങ്ങളില്‍ ആയിരുന്നു പലപ്പോഴും മരണത്തിന്റെ മാലാഖ ടിക്കറ്റ്‌ വാഗ്ദാനം ചെയ്തിരുന്നത് ....
എന്റെ വീടിന്റെ പുറക്‌ വശം കുറച്ചകലെ വലിയ ഒരു പാടം ഉണ്ട് .അതിന്റെ മൂലകളില്‍ കുളങ്ങള്‍ ഉണ്ടായിരുന്നു .കുളങ്ങളെ രണ്ട് ആയി തരം തിരിച്ചിരിക്കുന്നു .ഒന്നു കുളിക്കുവാനും അലക്കുവാനും,മറ്റൊന്ന് കാലികളെ കുളിപ്പികുന്നതിനും (ഈ നിയമം വേലയുടെട്ടന് ബാധകം അല്ലാട്ടോ ).മിക്ക ദിവസങ്ങളിലും വൈകിട്ട് ഞങ്ങള്‍ കുളിക്കാന്‍ ഇ കുളത്തില്‍ പോകാറുണ്ട് .വെള്ളത്തില്‍ എത്ര നീന്തി തുടിച്ചാലും മതി വരില്ലല്ലോ ,
അങ്ങിനെയുള്ള ഒരു ദിവസത്തില്‍ ഞാന്‍ ,സ്വതവേ ഒരു പേടി തൊണ്ടന്‍,കല്പടവിന്റെ മൂലയില്‍ നിന്നും മാത്രമെ കുളിക്കാര് .കൂട്ടുകാരെല്ലാം കുളത്തിന്റെ രണ്ട് കരയിലേക്കും നീന്തി തുടികും ,
രാജേഷ്‌ ,എന്റെ ഒരു ബാല്യ കാല സുഹൃത്ത് ,എന്നും വെല്ലു വിളിക്കും , ഇക്കരയില്‍ നിന്നും അക്കരെ പോയി പിന്നീട് ഇങ്ങോട്ട് തന്നെ തിരിച്ചു വരാന്‍ ,അന്ന് എന്തോ ഒരു "ധൈര്യം" വെല്ലു വിളി സ്വീകരിച്ചു ഞാന്‍ ,എല്ലാവരുടെയും കയ്യടി കെട്ട് കൊണ്ടു ഞാന്‍ വെള്ളത്തിലേക്ക്‌ എടുത്തു ചാടി (വലിയ ദൂരം ഒന്നുമില്ലാട്ടോ -ഒരു എട്ടു മീറ്റര്‍ കാണും )അതികം പ്രയാസം കൂടാതെ അക്കരെ എത്തി അവിടെ ന്നിന്നും അവന്റെ മുഖത്തേക്ക് നോക്കി ഒരു ചിരി പാസാക്കി ,വീണ്ടും ഇക്കര ലക്ഷ്യമാക്കി കൊണ്ടു ചാടി .
പകുതി എത്തിയപ്പോള്‍ കൈ കാലുകളില്‍ ഒരു തളര്‍ച്ച ,കണ്ണുകളില്‍ ഇരുള്‍ മൂടി ,പതുക്കെ പതുക്കെ വെള്ളത്തിന്റെ അടിയിലോട്ട് മുങ്ങുകയായിരുന്നു ഞാന്‍ ,വെള്ളം കുടിക്കാന്‍ തുടങ്ങി എന്നാലും എന്റെ കൊച്ചു കൈകള്‍ കൊണ്ടു തുഴയാന്‍ ശ്രമിച്ചിരുന്നു .ഞാന്‍ ഇവിടെ ജീവിതത്തിനും മരണത്തിനും ഇടയിലനെന്നു അറിയാതെ എന്റെ വെല്ലിമ്മ അവിടെ അലക്കുന്നുണ്ടായിരുന്നു.ചങ്ങാതിമാര്‍ എന്റെ അഭിനയം ആണെന്ന് കരുതി പൊട്ടി ചിരിക്കുന്നു .ദൈവമേ എന്റെ പ്രിയപെട്ടവരെയെല്ലാം വേര്‍പിരിഞ്ഞു കൊണ്ടു ഞാന്‍ വിട പറയുകയാണോ ,ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം എന്റെ ഈ ജീവിതം , വെല്ലിമ്മയുടെ തൊട്ടടുത്ത്‌ എത്തിയിരുന്നു പക്ഷെ ഒരു വാക് പോലും മിണ്ടാന്‍ പറ്റാതെ തളര്‍ന്നിരുന്നു ഞാന്‍ .
ആ നിമിഷം ഏതോ ഒരു ഉള്‍പ്രേരണ പോലെ എന്റെ വെല്ലിമ്മ തിരിഞ്ഞു നോക്കി ,തന്റെ ചെറു മകന്‍ ഒരിറ്റു ശ്വാസത്തിന് വേണ്ടി മല്ലിട്ടടികുന്നു ."എന്റെ മോനേ ...................."എല്ലാം മറന്നു കൊണ്ടുള്ള ആ വിളി ഇപ്പോളും എന്റെ കാതുകളില്‍ മുഴങ്ങുന്നു .വെല്ലിമ്മയുടെ കൈകള്‍ എന്റെ തലമുടിയില്‍ പിടുത്തമിട്ടു കൊണ്ടു ശക്തിയോടെ വലിച്ചു പൊക്കി ,കൈകളില്‍ താങ്ങി കരയില്‍ കിടത്തി .കുടിച്ച വെള്ളമെല്ലാം പുറത്തേക്ക് ,കണ്ണുകള്‍ തുറന്നു പതുക്കെ പതുക്കെ ജീവിതത്തിലേക്ക് .........
പിന്നെ ഒരഴ്ച്ചകലതോളം ആ കുളത്തില്‍ കുട്ടികള്‍ ആരും കുളിചിട്ടില്യ എന്നാണെന്റെ അറിവ് .
പിന്നെയും കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മരണ ദൂതന്‍ എന്റെ അടുത്ത വന്നിരുന്നു
(തുടരും)